02:28am 13 November 2026
NEWS
കുസാറ്റ് വിദ്യാർത്ഥികൾ സാൻഇൻ കേരള ഇൻഡസ്ട്രി ഇന്റേൺഷിപ്പിൽ പങ്കെടുത്തു
17/03/2026  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് വിദ്യാർത്ഥികൾ സാൻഇൻ കേരള ഇൻഡസ്ട്രി ഇന്റേൺഷിപ്പിൽ പങ്കെടുത്തു
HIGHLIGHTS

ജപ്പാനിലെ ഇന്റേൺഷിപ്പിൽ പങ്കെടുത്ത കുസാറ്റിലെ വിദ്യാർത്ഥികൾ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികൾ ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറിൽ നടന്ന സാൻഇൻ–കേരള ഷോർട്ട്-ടേം ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികളായ അശ്വിൻ മേനോൻ (ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, 2022 ബാച്ച് – നാലാം വർഷം), നന്ദന സുമേഷ് (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, 2022 ബാച്ച് – നാലാം വർഷം), നിധിൻ ജ്യോതി (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, 2022 ബാച്ച് – നാലാം വർഷം), നന്ദഗോപാൽ ഷൈനി ബിനുശേഖർ (ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, 2023 ബാച്ച് – മൂന്നാം വർഷം) എന്നിവർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത് സോമൻ ജപ്പാനിൽ ദീർഘകാല ഇൻഡസ്ട്രി ഇന്റേൺഷിപ്പ് തുടരുന്നു.

സാൻഇൻ മേഖലയിലെ മത്സുവേ യോനാഗോ എന്നീ നഗരങ്ങളിലെ സാങ്കേതിക സ്ഥാപനങ്ങളിലാണ് ഇന്റേൺഷിപ്പ് സംഘടിപ്പിച്ചത്. രണ്ടുപേർ മത്സുവെയിലെ ടെക്നോ പ്രോജക്ട് ജപ്പാൻ കമ്പനിയിൽ പരിശീലനം നേടി. മറ്റു രണ്ടുപേർ യോനാഗോയിലെ ടോആ സോഫ്റ്റ്‌വെയറിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. സോഫ്റ്റ്‌വെയർ, വെബ് ആപ്ലിക്കേഷൻ വികസനം എന്നിവയുമായി ബന്ധപ്പെട്ട റിക്വയർമെന്റ് അനാലിസിസ്, സിസ്റ്റം ഡിസൈൻ, ഇംപ്ലിമെന്റേഷൻ, ടെസ്റ്റിംഗ് എന്നീ മേഖലകളിൽ വ്യവസായ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശീലനം ലഭിച്ചത്.

ഇന്റേൺഷിപ്പിന്റെ ഭാഗമായി ഹോസ്റ്റ് സ്ഥാപനങ്ങളും പ്രാദേശിക കോർഡിനേറ്റർമാരും ജപ്പാനിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാനും വിദ്യാർത്ഥികൾക്ക് വഴിയൊരുക്കി.

കുസാറ്റും സാൻഇൻ മേഖലയുമായി തമ്മിലുള്ള സഹകരണം 2015-ൽ എം.ടെക് (ഇൻഫർമേഷൻ ടെക്നോളജി) വിദ്യാർത്ഥികളുടെ ദീർഘകാല ഇന്റേൺഷിപ്പിലൂടെയാണ് ആരംഭിച്ചത്. 2016 മുതൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി വിദ്യാർത്ഥികളും ഷോർട്ട്-ടേം ഇന്റേൺഷിപ്പിൽ ഉൾപ്പെടുത്തി. ഇതുവരെ 27 വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പങ്കെടുത്തിട്ടുണ്ട്. ചിലർക്ക് ഇന്റേൺഷിപ്പിന്റെ അടിസ്ഥാനത്തിൽ ജപ്പാനിലെ കമ്പനികളിൽ തൊഴിൽ അവസരങ്ങളും ലഭിച്ചിട്ടുണ്ട്.

അക്കാദമിക്-ഇൻഡസ്ട്രി സഹകരണം ശക്തിപ്പെടുത്തുന്നതിനായി കുസാറ്റ് വൈസ് ചാൻസലർ 2026 ഫെബ്രുവരിയിൽ ജപ്പാനിലെ ഷിമാനെ സർവകലാശാല സന്ദർശിച്ചു. നിലവിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ് മേഖലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഷോർട്ട്-ടേം, ലോംഗ്-ടേം ഇന്റേൺഷിപ്പ് അവസരങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img